Wednesday, December 3, 2008

പട്ടാളക്കാരനും പട്ടിയും

ഒരു ദുരന്തം നടന്നതിന്റെ ഓര്‍മ്മപോലും ശേഷിക്കാത്തവിധം മാധ്യമങ്ങള്‍ മറ്റൊരു ചാകരയിലേക്ക് തുഴയുന്ന കാഴ്ചയാണ് മുംബൈ അക്രമങ്ങള്‍ക്ക് ശേഷം നാം കാണുന്നത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ നാവില്‍ നിന്നു വീഴാന്‍ പാടില്ലായിരുന്നതും അദ്ദേഹം ചെയ്തുകൂടാത്തതും രണ്ടും നടന്നു കഴിഞ്ഞു. ചാനലുകാര്‍ക്ക് ഉത്സവമാക്കാന്‍ വേറെയൊന്നും വേണ്ട. ഒരു വീട്ടിലെ ഗൃഹനാഥനെ ധിക്കരിച്ച് ആ വീടിന്റെ പിന്‌വഴിയിലൂടെ കടന്ന് ഗൃഹനാഥന്റെ ഭാര്യയെ ആശ്വസിപ്പിക്കേണ്ട കാര്യമൊന്നും ഒരു മുഖ്യമന്ത്രിക്കും ഇല്ല. ഞാന്‍ ഇവിടെ വരെ എത്തി എന്റെ അനുശോചനം അറിയിക്കുന്നു എന്ന് പടിക്കല്‍ നിന്ന് പറഞ്ഞ് തിരിച്ചു പോരലായിരുന്നു ഉചിതം. ഇതിലും ഭീകരമായാണ് അദ്ദേഹത്തിന്റെ വാക്കുകളെ ചാനലുകാര്‍ ഏറ്റുപിടിച്ചിരിക്കുന്നത്.

സന്ദീപിന്റെ വീടല്ലെങ്കില്ഒരു പട്ടി തിരിഞ്ഞു നോക്കുമോ അവിടെ?”. എന്ന അച്ചുതാനന്ദ വാക്യത്തിന് “പട്ടാളക്കാരനല്ലായിരുന്നെങ്കില്‍ ഒരു പട്ടിപോലും തിരിഞ്ഞു നോക്കില്ലായിരുന്നു” എന്ന് ചാനല്‍ ഭാഷ്യം. ഈ വാചകത്തെ ഇത്രയും ഗുരുതരമായ തെറ്റായി കാണേണ്ടതുണ്ടോ. ഈ വാചകം എങ്ങനെയാണ് ദേശസ്നേഹമില്ലായ്മയായി മാറുന്നത്? “പട്ടാളക്കാരനായതിനാല്‍ ഞങ്ങളെപ്പോലെയുള്ള പട്ടികള്‍ തിരിഞ്ഞു നോക്കുന്നു” എന്ന മറ്റൊരര്‍ത്ഥം (പോസറ്റീവ് അര്‍ത്ഥം) ഈ വാക്കുകള്‍ക്ക് ഇല്ലേ?

സി എം സോറി പറഞ്ഞതിനെ തുടര്‍ന്ന് ഇത് ചാനലുകാര്‍ക്ക് ഒരു വാര്‍ത്തയല്ലാതാവും ഇതിന്റെ പിന്നാലെ നടന്ന പൊതുജനങ്ങള്‍ക്കും. രാഷ്ട്രീയക്കാര്‍ക്ക് വേണമെങ്കില്‍ കുറച്ചുകൂടി വലിച്ചു നീട്ടി സി എം ന്റെ രാജി വരെ എത്തിക്കാം.

3.12.2008 നു മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഈ പ്രശ്നം എങ്ങനെയെങ്കിലും തങ്ങളുടെ തലയില്‍ നിന്ന് ഊരി മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് നടത്തുന്നത്. കഴിഞ്ഞ ദിവസം വരെ മനോരമ ന്യൂസിനെ കവച്ചുവക്കുന്ന രീതിയില്‍ മുഖ്യമന്ത്രിയെ കരിവാരിത്തേക്കാന്‍ കൂട്ടുനിന്നവര്‍, സന്ദീപിന്റെ കുടുംബത്തിന്റെ വിശദീകരണവും കൂടി കേട്ടപ്പോള്‍ കരണം മറിഞ്ഞിരിക്കുകയാണ്. “ഒരു പട്ടിയേയും എനിക്ക് കാണേണ്ട” എന്ന് സന്ദീപിന്റെ അച്ചന്‍ പറഞ്ഞതിന് താങ്കളുടെ പ്രതികരണമെന്തെന്ന ചാനലുകാരുടെ കുനുഷ്ട് ചോദ്യത്തിനുള്ള വി.എസ് ന്റെ സ്വാഭാവിക മറുപടിയായിരുന്നു അത്. സാഹചര്യത്തില്‍ നിന്നടര്‍ത്തി മാറ്റി ഒരു വാചകത്തെ വച്ച് ചാനലുകാര്‍ കാട്ടിയ പോക്രിത്തരമായിരുന്നു നാമെല്ലാം കണ്ടത്. (ഏഷ്യാനെറ്റിനെ ഇവിടെ ഉദ്ദരിച്ചത് കുറച്ച് നിക്ഷ്പക്ഷമാണല്ലോ എന്നു കരുതി മാത്രമാണ്. മറ്റു ചാനലുകളുടെ കാര്യം പറയേണ്ടല്ലൊ. മനോരമ ഇപ്പോഴും ചോദ്യത്തിലെത്താതെ ഉത്തരത്തില്‍ കറങ്ങിനില്‍ക്കുന്നു.)

സന്ദീപിന്റെ വീട്ടുകാര്‍ എന്തു തന്നെ പറഞ്ഞാലും ഇന്നലെ പത്രമാധ്യമങ്ങളില്‍ വന്നതേ ഞങ്ങള്‍ക്കറിയൂ എന്ന് പറയുന്ന ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രിയെ രാജിവപ്പിച്ചിട്ടേ ഇനി ബാക്കികാര്യം എന്ന് കച്ചകെട്ടിയിറങ്ങിയ കുട്ടിസഖാക്കള്‍. അതിനിടയില്‍ ഉമ്മന്‍ ചാണ്ടിയെ ഊ...ന്‍ ചാണ്ടിയെന്നു മുഖ്യമന്ത്രി വിളിച്ചെന്ന് പറയുന്ന ഒരുവന്‍ (മറ്റാരും ഇതിനു സപ്പോര്‍ട്ടില്ല). ഇനിയെന്തെല്ലാം കാണണം.

നമ്മുടെ നാട്ടില്‍ ഭരിക്കുന്നവരുടെ ഉത്തരവാദിത്വം രാജിവക്കുന്നതില്‍ അവസാനിക്കുന്നുവോ? മുംബൈ അക്രമങ്ങളുടെ കാരണത്താല്‍ രാജിവച്ച മന്ത്രിമാര്‍ എത്ര? രാജിയിലൂടെ അവരെല്ലാം ഉന്നതരും മഹാന്മാരുമായി മാറി. ചരിത്രത്തില്‍ വരെ ഇടം നേടിയവരുമുണ്ട് കൂട്ടത്തില്‍. കേന്ദ്ര മന്ത്രിസഭയിലെ രാജിനാടകമായിരുന്നു ഏറ്റവും മുന്തിയത്. ഒരാളെപിടിച്ച് രാജി വെപ്പിച്ച് മറ്റൊരുവനെ അവിടെ കയറ്റിയിരുത്തി കേന്ദ്ര സര്‍ക്കാര്‍ കൈ കഴുകി. ചതുരംഗം പോയിട്ട് ഒരു ‘നിരകൂട്ടി‘ കളിക്കുന്നതിന്റെ വീര്യം പോലുമുണ്ടായിരുന്നില്ല, ഇന്ത്യന്‍ സമൂഹത്തിന്റെ മുഖത്ത് വാരിത്തേച്ച ആ കരിക്ക്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പാളിച്ചകളോ മറ്റു ഗുരുതരമായ വീഴ്ചകളോ പറയാനോ ചോദിക്കാനോ കുറ്റക്കാരനായ മന്ത്രി ഇപ്പോള്‍ വെളിച്ചത്ത് ഇല്ല. ഇപ്പോള്‍ എല്ലാം പുതിയ മന്ത്രിയുടെ ഭരണത്തില്‍. പുതിയമന്ത്രി ഇക്കാര്യത്തില്‍ കുറ്റക്കാരനുമല്ല. ഇനി ആരോട് ചോദ്യം ചോദിക്കും. കുറ്റക്കാരായ മന്ത്രിമാര്‍ അങ്ങോട്ടും ഇങ്ങോട്ടും കസേരമാറ്റിയിരിക്കലാണൊ പ്രതിപക്ഷവും ചോദിച്ചു വാങ്ങുന്നത്? ഞാന്‍ നമോ പത:

ആരെല്ലാം രാജിവച്ചാലാണ് ജനത്തിന് എന്തെങ്കിലും ഗുണമുണ്ടാവുക എന്നു ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.