Wednesday, August 20, 2008

‘ഫഗവാന്‍‘ ബെര്‍ളിയും ‘ഫരത്’ മോഹന്‍‌ലാലും.



“ഈ പതിനാറടിയന്തിരം നിങ്ങള്‍ക്ക് എന്നോടൊപ്പം ആഘോഷിക്കാം. ദുബായില്‍. ബെര്‍ളിസാറിന്റെ IVRS സ്വന്തമാക്കുന്ന എല്ലാവര്‍ക്കും.“
എന്ന ഫഗവാന്‍ ബെര്‍ളിയുടെ പഞ്ചാര പാലൊഴിച്ച ശബ്ദത്തിനു ശേഷം ഒരു കിളിക്കൊഞ്ചല്‍.

“നേടുക ആകര്‍ഷകമായ പതിനാറടിയന്തിരം ഓഫറുകകള്‍!
ബെര്‍ളിസാറിനോടൊപ്പം അടിയന്തിര സദ്യ ദുബായില്‍ !!!‍”

വീണ്ടും ബെര്‍ളിസാര്‍
“ഈ സുവര്‍ണ്ണാവസരം ഉപയോഗിക്കൂ... ഇന്നു തന്നെ.”
ഈ പരസ്യം ബെര്‍ളിയുടെ ബ്ലോഗിലാണു വന്നിരുന്നതെങ്കില്‍ ഞാനത് ഇരുകൈ പോരാതെ ഒരഞ്ചാറു കൈ ആരുടെയെങ്കിലും കടം വാങ്ങിയിട്ടെങ്കിലും നീട്ടി സ്വീകരിച്ചേനെ.

ബെര്‍ളിസാറിന്റെ സ്വതസിദ്ധമായ പുഞ്ചിരിയൊട്ടിച്ച മുഖത്തോടെ സ്വന്തം മക്കളോട് ഉപദേശിക്കുന്നതു പോലെ ഒരു വിരല്‍ ചൂണ്ടിക്കൊണ്ടുള്ള ആ തണ്ടലില്‍ കൈകുത്തിനിന്നുള്ള പറച്ചിലുകേട്ടാല്‍ IVRS എന്താണെന്നറിയാത്ത എന്നെപ്പോലുള്ളവരും സ്വന്തമാക്കിപ്പോകും.

ഇവിടെ ഫരത് മോഹന്‍ലാലിന് എന്തു കാര്യം എന്നു ചോദിക്കരുത്. ബെര്‍ളി റീമെയ്ക് ഉസ്താദാണെങ്കില്‍ ഉസ്താദ് ലാല്‍ ഒറിജിനല്‍ തന്നെ. ഇപ്പോള്‍ ചാനലില്‍ കാണിച്ചുകൊണ്ടിരിക്കുന്ന പൊന്നോണം 2008 ന്റെ പരസ്യം കാണുമ്പോഴുള്ള ഒരു ചളിപ്പ് ആണ് ഈ പോസ്റ്റിനു നിദാനം.

മോഹന്‍ലാല്‍ ആ പരസ്യത്തില്‍ ‘തന്നെ കാണുന്നതും തന്നോടൊപ്പം ഓണസദ്യയുണ്ണുന്നതും ഒരു സുവര്‍ണ്ണാവസരമാണ്’‘ എന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? മോഹന്‍ലാല്‍ ബെര്‍ളിക്കുപഠിക്കുകയാണെന്ന് തോന്നിപ്പോയി. താനൊരു പുലിയാണെന്നു സ്വന്തമായി പുകഴ്തിയിട്ടു വേണ്ടിയിരുന്നോ ഈ കോപ്രായം. അല്ലെങ്കില്‍ മലയാളികളുടെ മനശാസ്ത്രം ഇനി അങ്ങനെ ആയിപ്പോയൊ?

Saturday, August 16, 2008

ഏഷ്യാനെറ്റിന്റെ തലതിരിഞ്ഞ സ്വാതന്ത്ര്യം.


സ്വാതന്ത്ര്യദിനത്തിന്റെയന്നത്തെ പ്രത്യേക പരിപാടികള്‍ സ്പോണ്‍സറിപ്പിച്ച് പൊടിപൊടിക്കുന്നതിനിടയില്‍ ഏഷ്യാനെറ്റ് ദര്‍ശകര്‍ക്കായി ഒരുക്കിയ പുതിയ രാഷ്ട്രത്തിന്റെ പുതിയ പതാക. ഇത്തരം വൃത്തികേടുകള്‍ പലപ്പോഴും ചാനലുകളില്‍ കണ്ടിട്ടുണ്ടെങ്കിലും ഈ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ അതു സം‌പ്രേക്ഷണം ചെയ്തതിലെ വിരോധാഭാസമാണ് മനസ്സിലാവാതെ പോകുന്നത്. ഓഗസ്റ്റ് പതിനഞ്ചിന് എട്ടുമണിക്ക് സം‌പ്രേഷണം ചെയ്ത ‘കാണാക്കുയില്‍’ എന്ന പരമ്പരയില്‍ നിന്നാണ് പ്രസ്തുത ഭാഗം എടുത്തിരിക്കുന്നത്.

ഇനി ഇതിനെതിരെ ആരെങ്കിലും കേസിനു പോകുകയോ ഒച്ചവെക്കുകയോ ചെയ്താല്‍ ചാ‍നല്‍ ആ കാര്യത്തില്‍ മൌനം പാലിക്കുകയേ ഉള്ളു. അവരുടെ മുട്ടു ന്യായം “ഇത് ഒരു സ്പോണ്‍സേറ്ഡ് പ്രോഗ്രാമിന്റെ ഭാഗമാണ്” എന്നായിരിക്കും. സ്പോണ്‍സേര്‍ഡ് പ്രോഗ്രാമില്‍ എന്തു തന്നെ കാണിക്കാം എന്തെല്ലാം കാണിക്കരുത് എന്നൊന്നും ഇവര്‍ തമ്മില്‍ ഒരു ധാരണയുമില്ലേ? കിട്ടുന്ന പ്രോഗ്രാമുകള്‍ ഒരു പ്രിവ്യൂ പോലും നടത്താതെ ആഡിന്റെ കനം മാത്രം നോക്കുന്ന ഇവരെയൊന്നും പറഞ്ഞിട്ടു കാര്യമില്ല. ഇതെല്ലാം കാണാന്‍ വിധിക്കപ്പെട്ടവരല്ലേ നമ്മള്‍, മലയാളികള്‍.

നിങ്ങളുടെ അഭിപ്രായം എന്താണെന്നറിയാന്‍ താല്പര്യമുണ്ട്. അറിയിക്കുമല്ലോ.